തൊടുപുഴ: കനത്ത ചൂടിനിടെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷച്ചൂടും. പത്താം ക്ലാസ് പരീക്ഷ ആരംഭിക്കാന്‍ രണ്ടാഴ്ച മാത്രമാണുള്ളത്. ഇതോടനുബന്ധിച്ച് മറ്റ് ഹൈസ്കൂള്‍ ക്ലാസുകളിലെ പരീക്ഷകളും ആരംഭിക്കും. സിബിഎസ്ഇ പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ കഴിഞ്ഞദിവസം ആരംഭിച്ചു. എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ വെള്ളിയാഴ്ച സമാപിച്ചു. മാര്‍ച്ച് അഞ്ചു മുതല്‍ 30 വരെയാണ് എസ്എസ്എല്‍സി പരീക്ഷ നടക്കുന്നത്.
ജില്ലയില്‍ ഇത്തവണ 10,765 കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. 5,599 ആണ്‍കുട്ടികളും 5,166 പെണ്‍കുട്ടികളും പരീക്ഷയെഴുതും. കരിമണ്ണൂര്‍ സെന്റ് ജോസഫ് എച്ച്എസ്എസിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുന്നത്. 345 പേര് ഇവിടെ പരീക്ഷയെഴുതും. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷയെഴുതുന്നത് മുക്കുളം എസ്ജി എച്ച്എസിലാണ്. മൂന്നു പേര് മാത്രം.
സര്‍ക്കാര്‍ സ്കൂളുകളില്‍ ഏറ്റവുമധികം കുട്ടികൾ പരീക്ഷയെഴുതുന്നത് കല്ലാര്‍ ജിഎച്ച്എസ്എസിലാണ്. 256 പേര്. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷയെഴുതുന്നത് എഴുകുംവയല്‍ ജിഎച്ച്എസിലാണ്. ഇവിടെ ആറു പേര് പരീക്ഷയെഴുതും.
എട്ട്, ഒന്‍പത് ക്ലാസുകളിലെയും എല്‍പി, യുപി വിഭാഗം പരീക്ഷകൾ മാര്‍ച്ച് ആറിന് ആരംഭിച്ച് 30ന് സമാപിക്കും. .
റിവിഷനും പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ട കുട്ടികള്‍ക്കു പ്രത്യേക പരിശീലനവുമൊക്കെയായി പരീക്ഷയുടെ മുന്നൊരുക്കങ്ങള്‍ വരും ദിവസങ്ങളിലും സ്കൂളുകളില്‍ തുടരും. വിവിധ സ്കൂളുകളില്‍ പത്താം ക്ലാസുകാര്‍ക്കായി രാവിലെയും വൈകുന്നേരവും അധിക സമയം ക്ലാസുകള്‍ നടത്തിവരുന്നുണ്ട്. കുട്ടികളുടെ പരീക്ഷാപ്പേടി അകറ്റാനും അവര്‍ക്കു ആത്മവിശ്വാസം പകരാനും വേണ്ട മാര്‍ഗനിര്‍ദേശങ്ങളും സ്കൂളുകളില്‍ നല്‍കിവരുന്നുണ്ട്. രക്ഷിതാക്കള്‍ക്കായും ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു.